Ticker

6/recent/ticker-posts

സമ്പന്നതയുടെ നിയമങ്ങൾ

ഏതൊരു കാര്യം നേടിയെടുക്കുന്നതിനും കൃത്യമായ ചില നിയമങ്ങൾ കാണും. കായിക നേട്ടങ്ങൾ, വിദ്യഭ്യാസ യോഗ്യതകൾ, ആരോഗ്യപൂർണ്ണമായ ജീവിതം, എന്നുവേണ്ട ഏതൊരു നേട്ടം കൈവരിക്കുന്നതിനും വ്യക്തമായ ചില നിയമങ്ങൾ പാലിക്കപ്പെട്ടിരിക്കണം. 

എന്നാൽ സമ്പന്നത കൈവരിക്കുന്ന കാര്യത്തിൽ മാത്രം, സമ്പന്നതയുടെ നിയമങ്ങൾക്ക് പ്രാധാന്യം നൽകപ്പെടുന്നത് കണ്ടുവരുന്നില്ല. ഇക്കാരണത്താൽ തന്നെ, സമ്പന്നത അഥവാ ഫൈനാൻഷ്യൽ ഫ്രീഡം പലർക്കും കൈവന്നു കാണുന്നുമില്ല.

സമ്പത്ത് ഒരുപാടുണ്ടാകും. പരമ്പരാഗതമായും മറ്റും നേടിയെടുത്തവ. പക്ഷെ, സമ്പന്നത അഥവാ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടാകില്ല. 1000 കോടി ആസ്തിയുള്ള ഒരു വ്യക്തി, സമ്പന്നതയുടെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഒന്നോ രണ്ടോ സാമ്പത്തിക തെറ്റുകൾ വരുത്തിവെക്കുന്നതിലൂടെ, തൻ്റെ മുഴുവൻ സമ്പത്തും നഷ്ടപ്പെട്ട് കടക്കയത്തിലേക്ക് കൂപ്പുകുത്തുന്നതും സാധാരണമായി കണ്ടുവരുന്നു.  

സമ്പന്നതയുടെ നിയമങ്ങൾ പാലിക്കപ്പെടാനുള്ളതാണ്. മോട്ടിവേഷൻ ലഭിക്കാനോ മറ്റു നേട്ടങ്ങൾക്കോ വേണ്ടിയുള്ളതല്ല. കൃത്യമായി ഇവ പാലിക്കപ്പെട്ടാൽ ഏതൊരാൾക്കും സമ്പന്നതയിലെത്താനും നേടിയെടുത്ത സമ്പന്നത, ജീവിതകാലം മുഴുവൻ നിലനിർത്താനും സാധിക്കും.

ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് ലക്ഷ്യ നിർണ്ണയം. വലിയ ലക്ഷ്യങ്ങൾ തന്നെ നിർണ്ണയിക്കാൻ സാധിക്കണം. സമ്പന്നത കൈവരിച്ച എല്ലാവർക്കും പൊതുവായി കാണപ്പെടുന്ന ഒന്നാണ് എഴുതിവെക്കപ്പെട്ട ഗോളുകൾ അഥവാ ലക്ഷ്യങ്ങൾ (written goals).

പലർക്കും ലക്ഷ്യങ്ങൾ കാണും. പല സ്വപ്നങ്ങളും ഉണ്ടാകും. പക്ഷെ അവ എഴുതി വെക്കപ്പെട്ടിട്ടുണ്ടാകില്ല. ലക്ഷ്യങ്ങൾക്കൊന്നും ഒരു ക്ലാരിറ്റി കാണില്ല. കാരണം അതൊരു നടക്കാത്ത സ്വപ്നമായി, എപ്പോഴെങ്കിലും മനസ്സിലൂടെ മിന്നി മറയുന്ന ഒരു ആഗ്രഹം മാത്രമായി  അത് ശേഷിക്കുന്നു.

നല്ല വൃത്തിയും ചന്തവുമുള്ള ഒരു പുതിയ പുസ്തകം വാങ്ങി നിങ്ങളുടെ ലക്ഷ്യങ്ങൾ അതിൽ കുറിച്ച് വെക്കുക. ആദ്യമൊക്കെ ഈ പ്രവർത്തി വളരെ പ്രയാസമായി തോന്നാം. ഒന്നോ രണ്ടോ കാര്യങ്ങൾ എഴുതുമ്പോഴേക്കും നിറുത്തിപ്പോകാൻ തോന്നും. എത്ര തവണ ചെയ്താലും മറ്റൊന്നും തെളിഞ്ഞു വരില്ല.

അതിനായി ഒരു സൂത്യം പ്രയോഗിച്ച് നോക്കാം. നിങ്ങളുടെ മുന്നിൽ ദൈവം തന്നെ പ്രത്യക്ഷപ്പെട്ട് ഒരു വരം ചോദിക്കാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ എന്താകും ചോദിക്കുക. എവിടെ എത്തണം, എന്ത് നേടണം എന്നതിനെപ്പറ്റി ചിന്തിച്ച് അതെഴുതുക. അത് നടപ്പിലാകുമോ ഇല്ലയോ എന്നൊന്നും ആലോചിച്ച് സമയം കളയരുത്. ആ ആഗ്രഹം അതേപടി ബുക്കിൽ കുറിക്കുക.

അഞ്ചു വർഷം കഴിയുമ്പോൾ നിങ്ങൾക്ക് എന്തൊക്കെ നേടണം. കാർ, വീട്, പണം, ഉയർന്ന ബന്ധങ്ങൾ എന്ത് തന്നെയായാലും അത് എഴുതുക. എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ട ഒരു വ്യക്തിയായി നിങ്ങളെ കാണാൻ നിങ്ങൾക്കെന്തൊക്കെ വേണം എന്ന് ചിന്തിച്ച് അതും എഴുതുക.

ഇങ്ങനെ സ്വപ്നങ്ങൾ എഴുതുന്നതിലൂടെ നിങ്ങൾക്ക് ഒരു വ്യക്തത കൈവരുന്നു. ഇനിയുള്ള സമയത്തിന് ഒരു പ്രാധാന്യം തോന്നാൻ തുടങ്ങുന്നു. ആ ഗോളുകൾ നേടിയെടുക്കണമെങ്കിൽ ചില കാര്യങ്ങൾ തുടങ്ങുകയും മറ്റു ചിലത് അവസാനിപ്പിക്കുകയും ചെയ്യണമെന്ന ചിന്തകൾ നിങ്ങളിൽ ഉരുത്തിരിയുന്നു. അത്തരം കാര്യങ്ങളിൾ നിന്ന് ഒരു പ്രവർത്തി ഇന്ന് തന്നെ ചെയ്യാൻ ശ്രമിക്കുക.

ലക്ഷ്യങ്ങൾ എഴുതുന്നതോടൊപ്പം അവ നിങ്ങളുടെ മനസ്സിൽ കൊണ്ടുവരാനും ശ്രമിക്കണം. നിലവിലെ നിങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ചാണ് മനസ്സ് ആ ചിന്തകളെ കൈകാര്യം ചെയ്യുക. 'ഇവയൊന്നും സംഭവിക്കാൻ പോകുന്നില്ല' എന്ന ഒരു റിജക്ഷൻ അഥവാ തടസ്സ വിചാരം മനസ്സിൽ ഉദിക്കുകയും, സ്വാഭാവികമായും ആ ലക്ഷ്യം നിങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകുകയും ചെയ്യും.

അതിന് ഒരിക്കലും അനുവദിക്കരുത്. സാധാരണക്കാരായ പലരും ഉന്നത ലക്ഷ്യങ്ങളും വിജയങ്ങളും നേടിയെടുത്തതിൻറെ ഉദാഹണങ്ങൾ മനസ്സിലേക്ക് ബോധിപ്പിക്കുന്നതിലൂടെ, മനസ്സ് സാവധാനം നിങ്ങളുടെ ലക്ഷ്യങ്ങൾ ഹോൾഡ് ചെയ്യാൻ അഥവാ പിടിച്ച് വെക്കാൻ തുടങ്ങും. ലക്ഷ്യങ്ങൾ മനസ്സിൽ പതിഞ്ഞ് തുടങ്ങുമ്പോൾ നിങ്ങളുടെ ചിന്തകളും അതിനനുസൃതമായി മാറിവരുന്നത് കാണാം. മറിച്ച് ലക്ഷ്യങ്ങൾ നിങ്ങളുടെ മനസ്സിൾ ഹോൾഡ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതിനെ തിരിച്ചും മറിച്ചും മാറ്റിയെഴുതി നോക്കുക. എഴുതിയവ എല്ലാ ദിവസവും ഉറക്കെ വായിക്കുക.

ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭൂരിഭാഗം ചിന്തകളും പതിയെ നിങ്ങളുടെ ലക്ഷ്യത്തിലൂന്നിയുള്ളതായി മാറും. പുതിയ സാഹചര്യങ്ങളും വഴികളും നിങ്ങളുടെ കണ്മുന്നിൽ തെളിയുന്നത് നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും.

അതെ, നിങ്ങളുടെ ലക്ഷ്യസാക്ഷാത്കാരത്തിലേക്ക് നിങ്ങൾ പടിപടിയായി അടുത്ത് കൊണ്ടിരിക്കുന്നു. ഒരു കാര്യത്തിലേക്ക് മാത്രം ഫോക്കസ് വരുന്നതിലൂടെ ആ കാര്യം നിങ്ങളിലേക്കും അടുക്കാൻ തുടങ്ങുന്നു. പകുതി വഴിദൂരം മാത്രം പിന്നിടുമ്പോഴേക്കും നിങ്ങളുടെ ലക്ഷ്യപൂർത്തീകരണം സാധിക്കുന്നത് ഇപ്രകാരമാണ്.

If you can hold it in your mind you can hold it your hand

ഒരിക്കൽകൂടി ഊന്നിപ്പറയട്ടെ. ലക്ഷ്യങ്ങൾ എഴുതിവെച്ചില്ലെങ്കിൾ മേൽ പ്രതിബാധിച്ച ഒരു ഘട്ടവും നിങ്ങളിൽ സംഭവിക്കില്ലെന്ന് മാത്രമല്ല ഇന്ന് നിങ്ങൾ എത് അവസ്ഥയിലാണോ അതേ നില തന്നെ അഞ്ചും പത്തും വർഷം കഴിഞ്ഞാലും തുടരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.

അതുകൊണ്ട്, ആദ്യത്തെ സ്റ്റെപ്പ് നിർബന്ധമായും ഫോളോ ചെയ്യുക. ഒരു ബുക്ക് വാങ്ങി ലക്ഷ്യങ്ങൾ കൃത്യമായി എഴുതി വെക്കുക. ഒരുപാട് തവണ വെട്ടിത്തിരുത്തൽ വന്നേക്കാം. എന്നിരുന്നാലും, അതിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങൾ നിങ്ങൾക്ക് വ്യക്തമാകുകയും ചിന്തകൾ അതിനനുസരിച്ച് ഉരുത്തിരിയാൻ തുടങ്ങുകയും ചെയ്യും. മനസ്സിൽ വരുന്ന ചിന്തകൾക്കനുസരിച്ച്, പുതിയ സാഹചര്യങ്ങൾ പ്രത്യക്ഷപ്പെടുകയും, അതിലൂടെ അവസരങ്ങൾ കണ്ടെത്തുകയും അത് നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാകാൻ തുടങ്ങുകയും ചെയ്യും. അതിലൂടെ നിങ്ങളുടെ ആ വലിയ ലക്ഷ്യം സാക്ഷാത്കരിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു.

അടുത്ത ലക്കത്തിൽ അടുത്ത നിയമം പ്രതിപാധിക്കാം.

Post a Comment

0 Comments