Ticker

6/recent/ticker-posts

ഷെയർ മാർക്കറ്റ് - അറിയേണ്ടതെല്ലാം


ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്താൽ നല്ല ലാഭം കിട്ടുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ, പലരുടെയും നിക്ഷേപം നഷ്ടപ്പെടുത്തിയതും ഇതേ ഷെയർമാർക്കറ്റ് തന്നെയാണ് എന്ന സത്യവും നാം പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്.

  • ഷെയർമാർക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നു?
  • നിഫ്റ്റി മുകളിലേക്കും താഴേക്കും പോകുന്നത് എന്ത് കൊണ്ട്?
  • എന്താണ് സെൻസെക്സ്?
  • കമ്പനികളുടെ ഓഹരികൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ഇതുപോലുള്ള ഒരുപാട് ചോദ്യങ്ങൾ നമ്മുടെ ഉള്ളിലുണ്ടാകും.

ഈ ലേഖനത്തിലൂടെ ഷെയർമാർക്കറ്റിൻ്റെ മുഴുവൻ സത്യങ്ങളും നമുക്ക് മനസ്സിലാക്കാം.

ഒരു ബിസിനസിൻ്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുന്നതിലൂടെ നമുക്ക് ഇത് പഠിച്ചെടുക്കാം:

സ്റ്റെപ്: ഒന്ന് - ബിസിനസിൻ്റെ ആരംഭ ഘട്ടം

നിങ്ങൾ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു എന്ന് സങ്കൽപ്പിക്കുക. ഏതൊരു ബിസിനസിനും മൂലധനം ആവശ്യമായി വരുന്നപോലെ നിങ്ങൾക്കും മൂലധനം ആവശ്യമായി വരും. ഒരുപക്ഷെ നിങ്ങളുടെ സ്വന്തം കാശ് ഉപയോഗിച്ചോ അല്ലെങ്കിൽ സുഹൃത്തുക്കളുടെ സഹായത്താലോ ഒക്കെ നിങ്ങൾക്ക് ഈ കടമ്പ കടക്കാൻ സാധിക്കും.

സ്റ്റെപ്: രണ്ട് - പാർട്ണർഷിപ്പ് ഘട്ടം

നിങ്ങളുടെ ബിസിനസ് അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ നിങ്ങൾക്ക് കൂടുതൽ മൂലധനം ആവശ്യമായി വരുന്നു. പുതിയ ബ്രാഞ്ചുകൾ തുടങ്ങാനും വലിയ മെഷീനുകൾ വാങ്ങാനും മറ്റുമൊക്കെ വലിയ തുകകൾ നിങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഒരുപക്ഷെ ഒന്നോ രണ്ടോ കോടികൾ തന്നെ നിങ്ങൾക്ക് ആവശ്യമായി വരുന്നു.

ഈ സമയത്ത് സ്വന്തം കുടുംബക്കാരിൽ നിന്നോ മറ്റോ നിങ്ങൾക്ക് ഈ തുക കണ്ടെത്തുക പ്രയാസമായി വരുന്നു.

ബാങ്കിനെ സമീപിച്ച് ലോൺ എടുക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നില്ല. കാരണം നിങ്ങളുടെ സ്ഥാപനം വളർച്ചയുടെ പാതയിലാണ്. തീർച്ചയായും ഒന്നോ രണ്ടോ വർഷം കഴിയാതെ അതിൽ നിന്ന് വലിയ രീതിയിലുള്ള വരുമാനം ഉണ്ടാകാൻ സാധ്യതയില്ല. ബാങ്കിനാണെങ്കിൽ അടുത്ത മാസം മുതൽ ലോണിൻ്റെ തിരിച്ചടവ് തുടങ്ങേണ്ടിവരികയും; പ്രൊഫിറ്റ് ഉണ്ടാക്കിത്തുടങ്ങാത്ത നിങ്ങൾക്ക് എല്ലാ മാസവും ഈ തിരിച്ചടവ് അധിക ബാധ്യതയാകുകയും ചെയ്യും.

തുടക്കത്തിൽ വളരെയധികം മൂലധനം ആവശ്യം വരികയും, ലാഭം ഉണ്ടാക്കാൻ വർഷങ്ങൾ എടുക്കുകയും ചെയ്യുന്ന ബിസിനസുകൾക്ക് മൂലധനം കണ്ടെത്താൻ ബാങ്ക് ലോൺ എന്നത് നല്ല ഒരു രീതിയല്ല എന്ന് സാന്ദർഭികമായി ഓർമ്മിപ്പിക്കുന്നു.

ഈയൊരു അവസരത്തിൽ നിങ്ങൾക്ക് സമീപിക്കാൻ സാധിക്കുന്നത് ചെറിയ നിക്ഷേപ സ്ഥാപനങ്ങളെയോ അല്ലെങ്കിൽ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ താത്പര്യമുള്ള മറ്റു വ്യക്തികളെയോ ആണ്. അവർ നിങ്ങളുടെ ബിസിനസ് പഠിക്കുകയും അതിൻ്റെ വളർച്ചാ സാധ്യത മുന്നിൽ കണ്ട് അതിലേക്ക് നിക്ഷേപിക്കാൻ താത്പര്യപ്പെടുകയും ചെയ്യുന്നു. പക്ഷെ, ബാങ്കിൽ നിന്ന് വ്യത്യസ്തമായി അവരുടെ നിക്ഷേപ തുക മാസം തോറും തിരിച്ച് നൽകുന്നതിന് പകരം നിങ്ങളുടെ ബിസിനസിൻ്റെ നിക്ഷിത ശതമാനം ഓഹരി അവർക്ക് നൽകുകയാണ് ഇവിടെ ചെയ്യുന്നത്. അവരും നിങ്ങളുടെ ഈ ബിസിനസിൽ പങ്കുചേരുന്നു.

ഈയൊരു ഘട്ടത്തിൽ നിങ്ങളുടെ ബിസിനസിനെ ഒരു പാർട്ണർഷിപ് ലെവലിലേക്ക് മാറ്റേണ്ടതായി വരികയും ഒരു നിക്ഷിത ശതമാനം ഓഹരി നിക്ഷേപകർക്ക് നൽകേണ്ടിയും വരുന്നു.

സ്റ്റെപ്: മൂന്ന്- കമ്പനി ഘട്ടം

നിങ്ങളുടെ ഇതേ സ്ഥാപനത്തെ അടുത്ത ലെവലിലേക്ക് ഉയർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്ന് കരുതുക. ഇപ്പോൾ ഒരു സ്ഥലത്ത് മാത്രം പ്രവർത്തിക്കുന്ന സ്ഥാപനത്തെ പല സിറ്റികിലേക്കും എക്സ്പാൻഡ് ചെയ്യാൻ വേണ്ടിയോ അല്ലെങ്കിൽ ഒരു ഉൽപ്പന്നത്തിൽ മാത്രം നിൽക്കാതെ പുതിയ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയോ നിങ്ങൾക്ക് വലിയ തുക തന്നെ ആവശ്യമായി വരുന്നു. ഉദാഹരണത്തിന് 50 കോടിയോളം രൂപ നിങ്ങൾക്ക് ആവശ്യമായി വരുന്നു എന്ന് വെക്കുക.

ഈ സമയത്ത് നിക്ഷേപത്തിനായി സമീപിക്കാൻ കഴിയുന്നവരാണ് വെൻച്വർ ക്യാപിറ്റലിസ്റ്റുകൾ അല്ലെങ്കിൽ എയിഞ്ചൽ ഫണ്ടിംഗ് കമ്പനികൾ. അവർ നിങ്ങളുടെ ബിസിനസിനെ നന്നായി പഠിക്കുകയും അതിൻ്റെ വളർച്ചാ സാധ്യത മുന്നിൽ കണ്ട് അതിൽ ഇൻവെസ്റ്റ് ചെയ്യാൻ താത്പര്യപ്പെടുകയും ചെയ്യുന്നു.

ഈ ഘട്ടത്തിൽ സ്ഥാപനത്തെ പാർട്ടർഷിപ്പ് ഫോമിൽ നിന്നും മാറ്റി 'കമ്പനി' എന്ന ഫോമിലേക്ക് ഉയർത്തുകയും വെൻച്വർ ക്യാപ്പിറ്റലിസ്റ്റുകൾ വലിയ നിക്ഷേപം നടത്തുകയും ചെയ്യുന്നു. നിക്ഷേപത്തിന് പകരമായി കമ്പനിയുടെ നിക്ഷിത ശതമാനം ഓഹരി പങ്കാളിത്തം അവർക്കും നൽകുന്നു. ഒരുപക്ഷേ 20 ശതമാനമോ മറ്റോ വെൻച്വർ ക്യാപ്പിറ്റലിസ്റ്റുകൾക്ക് ഓഹരിയായി ലഭിക്കുന്നു.

ഇപ്പോൾ നിങ്ങളുടെ ബിസിനസ് അതിശക്തം വളരുകയായി. പുതിയ സ്ഥലങ്ങളിൽ സ്ഥാപനങ്ങൾ സ്ഥാപിച്ചും പുതിയ പ്രൊഡക്റ്റുകൾ അവതരിപ്പിച്ചും നിങ്ങൾ വലിയ വളർച്ചയുടെ പാതയിലേക്ക് എത്തുന്നു.

സ്റ്റെപ്പ്: നാല് - പബ്ലിക് ലിസ്റ്റഡ് കമ്പനി എന്ന ഘട്ടം

നിങ്ങളുടെ സ്ഥാപനം ഇന്ത്യ മുഴുവനും വ്യാപിപ്പിക്കാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നു. അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് കൂടി എക്സ്പാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇപ്പോൾ ഒരുപക്ഷെ നിങ്ങൾക്ക് വേണ്ടത് ഉദാഹരണമായി 1000 കോടി രൂപയോളമാണ്. ഇത്രയും വലിയ തുക വെൻച്വർ ക്യാപ്പിറ്റലിസ്റ്റുകളും നിക്ഷേപിക്കാൻ തയ്യാറല്ല. കാരണം ഒരു കമ്പനിയിൽ മാത്രം നിക്ഷേപിക്കാൻ അവരുടെ പോളിസികൾ അനുവദിക്കുന്നില്ല. ബാങ്കിനെ സമീപിച്ചാൽ, നാം നേരത്തെ പറഞ്ഞ പ്രശ്നങ്ങൾ വീണ്ടും ഉദിക്കുന്നു.

ഈ സമയം നിങ്ങളുടെ മുന്നിൽ ഒരേ ഒരു മാർഗ്ഗമാണ് അവശേഷിക്കുന്നത്. അതെ, പൊതു ജനങ്ങളിൽ നിന്ന് കാശ് സ്വരൂപിക്കുക എന്നത്. നിങ്ങളുടെ കമ്പനിയിൽ നിക്ഷേപിക്കാൻ താത്പര്യമുള്ള വളരെയധികം ആളുകളിൽ നിന്നും ആയിരവും പതിനായിരവും പോലെയുള്ള ചെറിയ തുക സ്വരൂപിച്ച് നിങ്ങൾക്കാവശ്യമുള്ള വലിയ നിക്ഷേപതുക കണ്ടെത്തുക എന്നതാണ് ആ പോംവഴി.

ഇവിടെയാണ് ഷെയർമാർക്കറ്റ് കടന്നു വരുന്നത്. സ്റ്റോക്ക് മാർക്കറ്റിൻ്റെ ആവശ്യകത ഉണ്ടാകുന്നത് ഇപ്പോഴാണ്.

കമ്പനികൾ അവരുടെ ഓഹരികളിൽ ഒരു നിക്ഷിത ശതമാനം പൊതുജനങ്ങൾക്ക് വീതം വെക്കുകയും അതിന് പകരമായി പൊതുജനത്തിൽ നിന്ന് നിക്ഷേപ തുക സ്വരൂപിക്കുകയും ചെയ്യുന്ന മാർക്കറ്റാണ് ഷെയർ മാർക്കറ്റ്.

പൊതുജനങ്ങൾ ഇത്തരത്തിലുള്ള കമ്പനികളിൽ നിക്ഷേപിക്കാനുള്ള പ്രധാന കാരണം അവർക്ക് ഈ ബിസിനസിൽ പങ്കാളിത്തം ലഭിക്കുന്നു എന്നത് തന്നെയാണ്. അവർ സ്വയം ഇതുപോലെ ഒരു ബിസിനസ് തുടങ്ങി വലുതാക്കി അതിനെ എക്സ്പാൻഡ് ചെയ്ത് വളർത്തിക്കൊണ്ട് വരുന്നത് അത്ര ഈസിയല്ല, എല്ലാവർക്കും കഴിയുന്ന കാര്യവുമല്ല അത്. എന്നാൽ, ഇത്തരത്തിൽ ഒരു കമ്പനിയുടെ ഓഹരി വാങ്ങുന്നതിലൂടെ അവരും ആ ബിസിനസിൽ പങ്കാളികളാകുന്നു. അവരവരുടെ കഴിവനുസരിച്ച് കുറഞ്ഞ നിക്ഷേപമോ കൂടിയ നിക്ഷേപമോ നടത്താൻ അവർക്ക് സാധിക്കുന്നു.

ഉദാഹരണത്തിന്, ഇലക്ട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു ബിസിനസ് തുടങ്ങാൻ നിങ്ങൾ താത്പര്യപ്പെടുന്നു എന്ന് കരുതുക. എന്നാൽ, ഇത്തരത്തിലുള്ള ഒരു സ്ഥാപനം തുടങ്ങണമെങ്കിൽ ഒരുപാട് മൂലധനം ആവശ്യമായി വരികയും വളരെ മികവുറ്റ ജോലിക്കാരെ നിയമിച്ച് വലിയ പ്ലാൻ്റുകൾ സ്ഥാപിച്ച് പുതിയ റിസേർച്ചുകൾ നടത്തി ഈ സംരംഭം വളർത്തിക്കൊണ്ട് വരിക എന്നത് നിങ്ങൾക്ക് ചിന്തിക്കാൻ പോലും സാധിച്ചെന്ന് വരില്ല. എന്നാൽ, സ്റ്റോക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ഇലക്ട്രിക് കാർ കമ്പനിയുടെ ഓഹരി വാങ്ങുമ്പോൾ അതേ ബിസിനസിൽ നിങ്ങളും പങ്കാളികളാകുന്നു.

സ്റ്റോക്ക് മാർക്കറ്റിലൂടെ ഒരാൾക്ക് ഇത്തരത്തിൽ ഇഷ്ടപ്പെട്ട ഒന്നോ അതിലധികമോ ബിസിനസുകളിൾ നിക്ഷേപിക്കാൻ സാധിക്കുന്നു. ഷെയർമാർക്കറ്റ് ഇത്തരത്തിൽ ഒരവസരം പൊതുജനങ്ങൾക്ക് നൽകുകയാണ് ചെയ്യുന്നത്. തങ്ങൾക്കിഷ്ടപ്പെട്ട ഏത് ബിസിനസിലും ആർക്കും എപ്പോൾ വേണമെങ്കിലും നിക്ഷേപം നടത്താം. വലിയ നിക്ഷേപങ്ങൾ നടത്തി വലിയ ടീമിനെ മാനേജ് ചെയ്ത് സ്വന്തം ബിസിനസ് ചെയ്യുന്നതിലും എത്രയോ എളുപ്പത്തിൽ തങ്ങളുടെ ഇഷ്ടാനുസരണം കമ്പനികളുടെ ഓഹരികൾ വാങ്ങി ആ ബിസിനസിൻ്റെ ഉടമകളിൾ ഒരാളായി മാറാൻ ആർക്കും സാധിക്കുന്നു.

കമ്പനികുടെ ഓഹരികൾ ഷെയർമാർക്കറ്റിലൂടെ പങ്ക് വെക്കുന്നതിൻ്റെ രീതി മനസ്സിലാക്കാം

കമ്പനികൾ അവരുടെ ബിസിനസ് മോഡലും ലാഭ നഷ്ട കണക്കുകളും മറ്റനേകം വിവരങ്ങളും പൊതുജനത്തിന് മുന്നിൽ അവതരിപ്പിക്കലാണ് ആദ്യ ഘട്ടം. ഇതിനെ വിളിക്കുന്ന പേരാണ് പ്രോസ്പെക്ടസ് (Prospects). ഇതിൽ കമ്പനി പൊതുജനത്തിൽ നിന്നും ഇത്ര രൂപയാണ് സ്വരൂപിക്കുന്നതെന്നും ഒരു ഓഹരിക്ക് അടിസ്ഥാന വില ഇത്രയായിരിക്കുമെന്നും നിശ്ചയിച്ചിട്ടുണ്ടാകും.

സെബി അഥവാ Securities and Exchange Board of India നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് മാത്രമേ പൊതുജനത്തിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ അനുവാദമൊള്ളൂ.

കമ്പനികൽ തങ്ങളുടെ പ്രോസ്പെക്ടസ് അവതരിപ്പിച്ച് പൊതുജനത്തിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനെ വിളിക്കുന്ന പേരാണ് ഐ പി ഒ (IPO - Initial Public Offer). പലപ്പോഴും നാം ന്യൂസുകളിൽ ഇത്തരത്തിലുള്ള ഐ പി ഒ എന്ന പദം കേൾക്കാനിടയുണ്ട്.

ഇത്തരത്തിൽ ഐ പി ഒ കളിലൂടെ കമ്പനികളുടെ ഓഹരികളുടെ ഒരു നിക്ഷിത ശതമാനം ഓഹരികൾ പൊതുജനത്തിൻ്റെ ഉടമസ്ഥതയിലും അതിന് പകരം നിക്ഷേപ തുക കമ്പനിയുടെ ഉടമസ്ഥതയിലേക്കും വന്നു ചേരുന്നു. നിക്ഷേപകർക്ക് ഈ ഓഹരികൾ വിറ്റുകൊണ്ട് വീണ്ടും കാശ് തിരിച്ചെടുക്കണമെങ്കിൽ ഇതേ കമ്പനിയെ തന്നെ സമീപിക്കാൻ സാധിക്കില്ല. കാരണം ആ തുകയുപയോഗിച്ച് കമ്പനി അവരുദ്ദേശിച്ച കാര്യങ്ങൾ നടത്തിയിട്ടുണ്ടാകും.

മറിച്ച് നിക്ഷേപകന് തങ്ങളുടെ കൈവശമുള്ള ഓഹരികൾ മറ്റൊരാൾക്ക് വിൽക്കാനും അതുവഴി തങ്ങളുടെ നിക്ഷേപ തുക തിരിച്ചെടുക്കാനും സാധിക്കുന്നു. ഇത്തരത്തിൽ ഓഹരികൾ ക്രയവിക്രയം നടത്താൻ ഒരു എക്സ്ചേഞ്ച് അത്യാവശ്യമായി വരുന്നു. ഇതിനെ വിളിക്കുന്ന പേരാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ. നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട സ്റ്റോക് എക്സ്ചേഞ്ചുകളാണ് NSE (National Stock Exchange), BSE (Bombay Stock Exchange) എന്നിവ.

സ്റ്റോക് എക്സ്ചേഞ്ചുകൾ ഒരു ചന്ത പോലെയാണ്. അവിടെ ഏത് കമ്പനികൾക്കും സെബിയുടെ നിയമങ്ങൾക്ക് വിധേയമായി ഓഹരികൾ വിറ്റ് പൊതുജനത്തിൽ നിന്നും നിക്ഷേപം സ്വീകരിക്കാനും, പൊതുജനത്തിന് ഇതേ ഓഹരികൾ വിൽപ്പന നടത്തി തങ്ങളുടെ നിക്ഷേപ തുക പിൻവലിക്കാനും സാധിക്കുന്നു.

ഐപിഒ യിലൂടെ നേരിട്ട് കമ്പനികളിൽ നിന്നാണ് ഓഹരി ലഭിക്കുന്നത് എങ്കിലും ഐപിഒക്ക് ശേഷം ഇതേ ഓഹരികൾ സ്റ്റോക് എക്സ്ചേഞ്ചിലൂടെ ആർക്കും വാങ്ങാനും വിൽക്കാനും സാധിക്കുന്നു. ഇതുപോലെ വളരെയധികം ആളുകളും നിക്ഷേപ സ്ഥാപനങ്ങളും ചേർന്ന് സ്റ്റോക് എക്സ്ചേഞ്ചിലൂടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ കമ്പനികളുടെ ഓഹരി വില മുകളിലോട്ടും താഴോട്ടും ചാഞ്ചാടുന്നു. ഡിമാൻ്ഡ് കൂടുമ്പോൾ വില കൂടുകയും ഡിമാൻഡ് കുറയുമ്പോൾ വില കുറയുകയും ചെയ്യുന്നു. ഭാവിയിൽ നല്ല വളർച്ചാ സാധ്യതയുള്ള കമ്പനികളുടെ ഡിമാൻഡ് വർദ്ധിക്കുകയും തിരിച്ചും സംഭവിക്കുന്നു. ഇതാണ് കമ്പനികളുടെ വിലകൾ മുകളിലോട്ടും താഴോട്ടും പോകുന്നതിൻ്റെ പ്രധാന കാരണം.

നിങ്ങൾക്ക് TATAയുടെ ഇലക്ട്രിക് വെഹിക്കിൾ ബിസിനസിസ് ഇൻവെസ്റ്റ് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ TATA Motors എന്ന കമ്പനിയുടെ ഓഹരി വാങ്ങി നിക്ഷേപം നടത്തിയാൽ മതി. TATA Motors എല്ലാ സമയത്തും ഐ പി ഒ ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. ഐ പി ഒ ആദ്യ സമയം പൊതുജനത്തിൽ നിന്ന് നിക്ഷേപം സ്വീകരിക്കുമ്പോൾ മാത്രമാണ് സംഭവിക്കുന്നത്. എന്നാൽ ആർക്കും NSE അല്ലെങ്കിൽ BSE പോലെയുള്ള എക്സ്ചേഞ്ചുകളിൽ ചെന്ന് TATA Motors ൻ്റെ ഓഹരികൾ അല്ലെങ്കിൽ ഷെയറുകൾ വാങ്ങാവുന്നതാണ്. ലക്ഷണക്കിന് അല്ലെങ്കിൽ കോടിക്കണക്കിന് ആളുകൾ ദിവസവും ഷെയർമാർക്കറ്റിലൂടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് കാരണം ഏത് സമയത്തും ആർക്കും ഏത് ഓഹരികളിലും നിക്ഷേപം നടത്താൻ സാധിക്കുന്നു.

കമ്പനികളുടെ ഓഹരികൾ എങ്ങനെ വാങ്ങാം.

ഡീമാറ്റ് അക്കൌണ്ട്

ഒരാൾക്ക് നേരിട്ട് സ്റ്റോക് എക്സ്ചേഞ്ചിൻ്റെ വെബ്സൈറ്റിലൂടെ ഷയറുകൾ വാങ്ങലും വിൽക്കലും സാധ്യമല്ല. അതിന് ഒരു സ്റ്റോക് ബ്രോക്കർ നിർബന്ധമാണ്. ബ്രോക്കറുടെ അടുക്കൽ ഡീമാറ്റ് അക്കൌണ്ടും ട്രേഡിംഗ് അക്കൌണ്ടും തുടങ്ങിയ ശേഷം ബ്രോക്കറുടെ തന്നെ വെബ്സൈറ്റോ മൊബൈൽ അപ്ലിക്കേഷനോ ഉപയോഗിച്ചാണ് കമ്പനികളുടെ ഷയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്. വാങ്ങിയ ഷെയറുകൾ സൂക്ഷിച്ചുവെക്കുന്നതിന് വേണ്ടിയാണ് ഡീമാറ്റ് അക്കൌണ്ട് ആവശ്യമായി വരുന്നത്. ഷെയറുകളുടെ ലോക്കർ പോലെയാണ് ഇത് കണക്കാക്കപ്പെടുന്നത്. ബാങ്കിലെ സേവിംഗ്സ് അക്കൌണ്ടിൽ പണം സൂക്ഷിക്കുന്നത് പോലെ ഡീമാറ്റ് അക്കൌണ്ടിൽ ഓഹരികളും കടപ്പത്രങ്ങളും സൂക്ഷിക്കപ്പെടുന്നു.

വളരെ ഈസിയായി ആർക്കും ഡീമാറ്റ് അക്കൌണ്ട് തുടങ്ങാൻ സാധിക്കും. തങ്ങൾക്കിഷ്ടപ്പെട്ട ബ്രോക്കറിൻ്റെ വെബസൈറ്റിലൂടെ പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൌണ്ട്, മൊബൈൽ, ഇമെയിൽ എന്നിവ നൽകിയാൽ വളരെ കുറഞ്ഞ സമയം കൊണ്ട് അക്കൌണ്ട് ആക്റ്റിവേറ്റ് ആകുന്നതാണ്. വളരെയധികം സ്റ്റോക്ക് ബ്രോക്കേഴ്സ് മാർക്കറ്റിൽ നിലവിലുണ്ട്.

ബാങ്ക് അക്കൌണ്ടിൽ നിന്ന് ബ്രോക്കറുടെ കീഴിലുള്ള ട്രേഡിംഗ് അക്കൌണ്ടിലേക്ക് പണം ട്രാൻസ്ഫെർ ചെയ്യലാണ് ആദ്യ ഘട്ടം. ബ്രോക്കറുടെ മൊബൈൽ അപ്ലിക്കേഷനിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കമ്പനികളുടെ പേര് സെലക്ട് ചെയ്ത് ഓർഡർ നൽകിയാൽ ആ സ്റ്റോക്ക് നിങ്ങളുടെ പോർട്ട് ഫോളിയോയിൽ ചേർക്കപ്പെടും.

സെൻസെക്സും നിഫ്റ്റിയും

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ പ്രധാനപ്പെട്ട രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളാണ് BSE (Bombay Stock Exchange) യും NSE (National Stock Exchange) യും. BSE യിൽ 5000 ത്തിലധികം കമ്പനികളും NSE യിൽ 2000 ത്തിലധികം കമ്പനികളും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സെൻസെക്സ് BSE യിലെ കമ്പനികളുടെ സൂചികയും നിഫ്റ്റി NSE യുടെ സൂചികയുമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം സെൻസെക്സ് എന്ന സൂചിക BSE യിലെ മുഴുവൻ കമ്പനികളുടെയും സൂചികയല്ല, മറിച്ച് എല്ലാ വിഭാഗത്തിലും പെട്ട, ഏറ്റവും കൂടുതൽ മാർക്കറ്റ് കാപിറ്റലുള്ള 30 കമ്പനികളുടെ മാത്രം സൂചികയാണ്. നിഫ്റ്റിയിൽ ഇതുപോലെ 50 കമ്പനികളുടെ മാത്രം സൂചികയാണ്. എന്നിരുന്നാലും മാർക്കറ്റിൻ്റെ ഏകദേശ രൂപം ഈ സൂചികയിലൂടെ മനസ്സിലാക്കാനാകും.

പണപ്പെരുപ്പം അളക്കാൻ പ്രധാനപ്പെട്ട സാധനങ്ങളുടെ വിലയിലെ മാറ്റം മാത്രമാണ് ഗവൺമെൻ്റ് എടുക്കാറുള്ളത്. മുഴുവൻ വസ്തുക്കളുടെയും വിലമാറ്റം അളക്കാൻ സാധ്യമല്ലാത്തത് പോലെ മുഴുവൻ കമ്പനികളുടെയും ഉൾപ്പെടുത്തി സൂചിക നിർമ്മിക്കലും ബുദ്ധിമുട്ടായി വരുന്നു. ഇതുകൊണ്ടാണ് BSE യിൽ 30 ഉം NSE യിൽ 50 കമ്പനികളുടെ വിലകളുടെ ആവറേജ് നോക്കി ഷെയർ മാർക്കറ്റിൻ്റെ മൊത്തത്തിലുള്ള നീക്കം മനസ്സിലാക്കുന്നു.

ഓഹരികൾ വാങ്ങുന്നതിലൂടെ എങ്ങനെയാണ് സമ്പാദ്യം ഉണ്ടാകുന്നത്?

രണ്ട് രീതിയിലാണ് ഓഹരി ഉടമകൾക്ക് ലാഭം ഉണ്ടാകുന്നത്. ഒന്ന്, കമ്പനികൾ അവരുടെ ലാഭ വിഹിതം ഓഹരി ഉടമകൾക്ക് വീതിച്ചു നൽകുന്നു. ഓരോരുത്തരുടെയും കയ്യിലുള്ള ഓഹരിയുടെ അനുപാതം അനുസരിച്ച് ഈ ലാഭ വിഹിതം ലഭിക്കുന്നു.

രണ്ടാമത്തെ രീതിയിൽ കമ്പനിയുെടെ മാർക്കറ്റ് വില വർദ്ധിക്കുന്നതിലൂടെ ഓഹരിയുടെ അഥവാ ഷെയറിൻ്റെ വിലയും കൂടുന്നു. ഉദാഹരണത്തിന് നിങ്ങൾ ഒരു കമ്പനിയുടെ ഓഹരി 500 രൂപക്ക് വാങ്ങി വെച്ചത്. ഇതേ കമ്പനിയുടെ വില കുറച്ച് മാസങ്ങൾക്ക് ശേഷം 600 രൂപയിലെത്തുകയും നിങ്ങളുടെ കയ്യിലുള്ള ഓഹരി വിറ്റ് ലാഭം കണ്ടെത്തുകയും ചെയ്യുന്നു. നേരെ മറിച്ചാണെങ്കിൾ നഷ്ടവും സംഭവിക്കും. പക്ഷെ അടിസ്ഥാനപരമായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഷെയറാണ് നിങ്ങളുടെ പക്കലുള്ളതെങ്കിൽ ദീർഘകാലത്തേക്ക് ഓഹരിയുടെ മൂല്യം വളർച്ച രേഖപ്പെടുത്തുക തന്നെ ചെയ്യും. 

ഓഹരിയുടെ വില കൂടുന്നതിൻ്റെ പ്രധാന കാരണം കമ്പനികൾ തങ്ങളുടെ പ്രവർത്തന മികവിലൂടെ കൂടുതൽ ലാഭം ഉണ്ടാക്കുകയും കൂടുതൽ ആളുകൾ ഇതേ കമ്പനിയുടെ ഓഹരി വാങ്ങുവാൻ മുന്നോട്ട് വരികയും ചെയ്യുന്നു. ഇതിലൂടെ കമ്പനിയുടെ ഡിമാൻഡ് വർദ്ധിക്കുന്നു. ഡിമാൻഡ് കൂടും തോറും വിലയും കൂടുന്നു. അത് ഓഹരി ഉടമകളുടെ കയ്യിലുള്ള ഓഹരിയുടെ മൂല്യവും കൂട്ടുന്നു.

5000 ത്തിലധികം കമ്പനികൾ ഷെയർമാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏത് കമ്പനിയാണ് വളർച്ച രേഖപ്പെടുത്തുക എന്ന് മനസ്സിലാക്കണമെങ്കിൽ കമ്പനികളെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. നിലവിൽ പ്രോഫിറ്റ് ഉണ്ടാക്കുന്ന കമ്പനിയായാലും ഭാവിയിൽ അത് നിലനിർത്താൻ സാധ്യമല്ലെങ്കിൽ കമ്പനിയുടെ വിലയിലും മൂല്യത്തിലും ഇടിവ് സംഭവിക്കും. സാധാരണക്കാർക്ക് അത്ര ഈസിയല്ലാത്ത ഒരു മേഖലയാണ് ഇത്. അത് കൊണ്ടാണ്, ഷെയർമാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ഏറ്റവും നല്ല രീതി മ്യൂച്ചൽ ഫണ്ടുകളിലുള്ള ഇൻവെസ്റ്റ്മെൻ്റാണ് വ്യക്തമാകുന്നത്.

Post a Comment

0 Comments