Ticker

6/recent/ticker-posts

ഇക്വിറ്റി മ്യൂച്ചൽഫണ്ട് എങ്ങനെ പ്രവർത്തിക്കുന്നു?


മ്യൂച്ചൽ ഫണ്ട് കമ്പനികളെ വിളിക്കുന്ന പേരാണ് അസെറ്റ് മാനേജ്മെൻ്റ് കമ്പനി അഥവാ AMC (Asset Management Company). നിലവിൽ 44ൽ പരം AMC കൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.

ഏതൊരു AMCയും ആദ്യമായി ഒരു മ്യൂച്ചൽഫണ്ട് അവതരിപ്പിക്കുന്നു. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിലുള്ള സെബി (SEBI)യുടെ അപ്രൂവലും മറ്റു അംഗീകാരങ്ങളും ലഭിച്ച ശേഷം മാത്രമേ ഒരു മ്യൂച്ചൽഫണ്ട് കമ്പനിക്ക് പുതുതായി ഒരു മ്യൂച്ചൽ ഫണ്ട് തുടങ്ങാൻ സാധിക്കുകയൊള്ളൂ.

ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ട ഫണ്ടിൻ്റെ വിശദാംഷങ്ങൾ AMC ന്യൂസ് ചാലനുകളിലൂടെയും, പത്രങ്ങളിലും മറ്റും പൊതുജനങ്ങളെ അറിയിക്കുന്നു. ഫണ്ട് മാനേജറുടെ വിവരങ്ങൾ, എക്സ്പീരിയൻസ്, ഏതൊക്കെ തരത്തിലുള്ള കമ്പനികളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുക, ഫീസ് (Expense Ratio) എത്രയാണ്; ഇത്തരത്തിലുള്ള ഒരുപാട് വിവരണങ്ങൾ അടങ്ങിയ ഒരു പ്രോസ്പെക്ടസ് പൊതുജനത്തിന് മുമ്പിൽ അവതരിപ്പിക്കുകയും ആ ഫണ്ടിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നു.

ഏതൊരാൾക്കും ബാങ്ക് അക്കൌണ്ട് തുടങ്ങുമ്പോൾ ചെയ്യുന്ന രീതിയുള്ള ചുരുക്കം ചില പേപ്പർവർക്കുകൾ പൂർത്തിയാക്കിയാൽ; AMC ഫോളിയോ നമ്പറുകൾ നൽകുന്നു. ഈ ഫോളിയോ നമ്പറിലേക്കാണ് ഫണ്ട് ട്രാൻസ്ഫെർ ചെയ്യുന്നതും തത്യുല്ല്യമായ തുകക്കുള്ള മ്യൂച്ചൽ ഫണ്ട് യൂണിറ്റുകൾ രേഖപ്പെടുത്തപ്പെടുന്നതും.

ആളുകൾ അവരുടെ ഇഷ്ടാനുസരണം തങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ നിന്ന് ഈ ഫണ്ടിലേക്ക് തുകകൾ ട്രാൻസ്ഫെർ ചെയ്യാൻ തുടങ്ങുന്നതാണ് അടുത്ത ഘട്ടം. കമ്പനികളുടെ ഓഹരികൾ വാങ്ങുമ്പോൾ "ഓഹരികൾ അഥവാ ഷെയറുകൾ" ലഭിക്കുന്ന പോലെ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ആ ഫണ്ടിൻ്റെ "യൂണിറ്റു"കളാണ് ലഭിക്കുന്നത്. ഈ യൂണിറ്റുകൾ എപ്പോൾ വേണമെങ്കിലും വിൽപ്പന നടത്തി അതിന് തത്യുല്യമായ തുക ബാങ്ക് അക്കൌണ്ടിലേക്ക് തിരികെ ലഭിക്കുകയും ചെയ്യുന്നു.

ഇങ്ങനെ പലരും അവരവരുടെ ഇഷ്ടാനുസരണം ട്രാൻസ്ഫെർ ചെയ്ത തുകകൾ സ്വരൂപിച്ച് ഒരു വലിയ തുക സമാഹരിക്കാൻ AMC ക്ക് സാധിക്കുന്നു. ഇത്തരത്തിൽ സ്വരൂപിച്ച തുകയെ വിളിക്കുന്ന പേരാണ് AUM അഥവാ Asset Under Management.

AUM മാനേജ് ചെയ്യാൻ എക്സ്പേർട്ടായ ഒരു ഫണ്ട് മാനേജരെയും അനലിസ്റ്റ് ടീമിനെയും AMC നിയമനം നടത്തുന്നു. ഫണ്ട് മാനേജറും ടീമും പല രീതിയിലുള്ള വിശകലനങ്ങളും പഠനങ്ങളും നടത്തിയ ശേഷം കമ്പനികളുടെ ഓഹരികൾ തെരഞ്ഞെടുത്ത് ഒരു പോർട്ട് ഫോളിയോ (Portfolio) ഉണ്ടാക്കുന്നു. AUM ലെ തുക ഉപയോഗിച്ച് ഓരോ കമ്പനിയിലേക്കും തീരുമാനിച്ചുറച്ച രീതിയിലുള്ള അലോക്കേഷൻ വരുന്ന രീതിയിൽ ഓഹരികൾ വാങ്ങി സൂക്ഷിച്ച് വെക്കുന്നു.

AUM ലെ മുഴുവൻ തുകയും ഉപയോഗിച്ച് ഒന്നോ രണ്ടോ കമ്പനികളുടെ മാത്രം ഓഹരികളിൽ നിക്ഷേപിച്ച് നിക്ഷേപം ചുരുക്കാൻ ഫണ്ട് മാനേജർക്ക് അനുമതിയില്ല. മറിച്ച് ഒരു കമ്പനിയിൽ തങ്ങളുടെ  കൈവശമുള്ള AUM ൻ്റെ മാക്സിമം 10 ശതമാനമേ ഇൻവെസ്റ്റ് ചെയ്യാൻ സെബി അനുവദിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഒരു ഫണ്ടിൽ 10 ൽ കൂടുതൽ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കൽ ഫണ്ട് മാനേജർക്ക് നിർബന്ധമാണ്. സാധാരണ മ്യൂച്ചൽ ഫണ്ടുകളിൽ 20 മുതൽ 50 വരെ കമ്പനികളാണ് ഉണ്ടാകാറുള്ളത്. ഇക്വിറ്റി ഇൻവെസ്റ്റ്മെൻ്റിന് വേണ്ട Diversification അഥവാ വൈവിധ്യവൽക്കരണം ഓട്ടോമാറ്റിക്കായി ഇവിടെ സംഭവിക്കുന്നത് നമുക്ക് കാണാം.

ഇത്തരത്തിൽ വാങ്ങിയ ഓഹരികളുടെ ഓരോ ദിവസത്തേയും മൂല്യം കണക്കാക്കി മ്യൂച്ചൽ ഫണ്ട് യൂണിറ്റിൻ്റെ വിലയിൽ കയറ്റിറക്കങ്ങൾ സംഭവിക്കുന്നു. ദീർഘകാലത്തേക്ക് വളർച്ച രേഖപ്പെടുത്തുന്ന കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്തത് കാരണം മ്യൂച്ചൽ ഫണ്ടിൻ്റെ യൂണിറ്റുകളുടെ വിലയും വളരുന്നു. ഇങ്ങനെയാണ് നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപത്തിന് വളർച്ച ലഭിക്കുന്നത്.

ചുരുക്കിപറഞ്ഞാൽ മ്യൂച്ചൽ ഫണ്ട് കമ്പനികളായ AMCകൾ പൊതുജനത്തിൽ നിന്നും തുകകൾ സ്വരൂപിക്കുകയും പകരം നിക്ഷേപകർക്ക് തങ്ങളുടെ ഫണ്ടിൻ്റെ യൂണിറ്റുകൾ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ സ്വരൂപിച്ച AUM മാനേജ് ചെയ്യാൻ നൈപുണ്യമുള്ള ഒരു ഫണ്ട് മാനേജറെയും ടീമിനെയും നിയമിക്കുകയും ഫണ്ട് മാനേജർ AUM ഉപയോഗിച്ച് വിവിധ കമ്പനികളുടെ ഷെയറുകളിൽ നിക്ഷേപം നടത്തുകയും ചെയ്യുന്നു. കമ്പനികൾ ദീർഘ കാലത്തേക്ക് വളർച്ച രേഖപ്പെടുത്തുന്നതിലൂടെ മ്യൂച്ചൽ ഫണ്ട് യൂണിറ്റുകളും വളരുന്നു. ഇതിലൂടെ മറ്റേത് നിക്ഷേപത്തേക്കാളും വലിയ റിട്ടേൺ നിക്ഷേപകർക്ക്  ലഭിക്കുകയും ചെയ്യുന്നു. 

ഇതാണ് ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിൻ്റെ ഏറ്റവും ലളിതമായ ആശയം.