Ticker

6/recent/ticker-posts

മ്യൂച്ചൽഫണ്ടിൻ്റെ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങൾ

1. കുറഞ്ഞ തുകക്ക് കൂടുതൽ ഓഹരികളിൽ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കുന്നു. 500 രൂപ മുതൽ എത്ര തുക വേണമെങ്കിലും മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപമായി സ്വീകരിക്കുന്നു. 

നിക്ഷേപിച്ച തുക എത്രയാണെങ്കിലും, മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തിയ മുഴുവൻ ഓഹരികളിലേക്കും ആ തുക ചേർക്കപ്പെടുന്നതിനാൽ വൈവിദ്യവൽക്കരണം (Diversification) നിങ്ങളുടെ ചെറിയ ഇൻവെസ്റ്റ്മെൻ്റിന് പോലും ലഭിക്കുന്നു. നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ ഈ ഗുണം ലഭിക്കുന്നില്ല.

2. ഒരു എക്സ്പേർട്ടാണ് നിക്ഷേപകരുടെ ഫണ്ട് മാനേജ് ചെയ്യുന്നത്. നിക്ഷേപകൻ തൻ്റെ ഫണ്ട് സ്വയം മാനേജ് ചെയ്യുന്നതിലും എത്രയോ പതിന്മടങ്ങ് ഗുണം മ്യൂച്ചൽ ഫണ്ട് മാനേജറുടെ മാനേജ്മെൻ്റ് മൂലം ലഭിക്കുന്നു. ഒരാൾ നേരിട്ട് ഒരു എക്സ്പേർട്ടിൻ്റെ സഹായം തേടിയാൽ തന്നെയും അദ്ദേഹത്തിൻ്റെ വലിയ ഫീസ് നൽകാൻ കഴിയാതെ വരികയും ആ എക്സ്പേർട്ടിൻ്റെ കഴിവ് ഉപയോഗപ്പെടുത്തി ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുന്നു. മ്യൂച്ചൽ ഫണ്ടാകുമ്പോൾ എല്ലാവരും ഒരുമിച്ച് ഫീസ് അടുക്കുന്നത് കാരണം ഓരോരുത്തർക്കും ചെറിയ ഫീസ് മാത്രമേ നൽകേണ്ടി വരുന്നുള്ളൂ. ഇങ്ങനെ നൽകുന്ന ഫീസിൻ്റെ പേരാണ് Expense Ratio. അധിക ഫണ്ടുകളിലും ഈ ഫീസ് ഒരു ശതമാനത്തിലും താഴെയാണ്.

3. അസെറ്റ് അലോക്കഷൻ നിക്ഷേപകർ നേരിട്ട് ചെയ്യേണ്ടതില്ല. നിക്ഷേപകൻ തുടരെത്തുടരെ ഓഹരികൾ വാങ്ങലും വിൽക്കലും നടത്തേണ്ടതില്ല. ഏത് കമ്പനികളിൽ നിക്ഷേപിക്കണം, ഏതിൽ നിന്ന് നിക്ഷേപം പിൻവലിക്കണം എന്നതൊന്നും നിക്ഷേപകൻ അറിയേണ്ട കാര്യമില്ല. എല്ലാം AMC നിയോഗിച്ച ഫണ്ട് മാനേജർ നിയന്ത്രിക്കുന്നു.

4. എസ് ഐ പി അഥവാ Systematic Investment Plan (SIP). ഒറ്റത്തവണ ബാങ്കിന് നിർദ്ദേശം നൽകുന്നതിലൂടെ എല്ലാ മാസവും ഓട്ടോമാറ്റിക്കായി 2000, 5000, 10000 എന്ന് വേണ്ട ഏത് തുകയാണെങ്കിലും നിക്ഷേപം നടത്താൻ മ്യൂച്ചൽ ഫണ്ടിലൂടെ സാധിക്കുന്നു. ബാങ്കിൽ നിന്ന് നേരിട്ട് മ്യൂച്ചൽഫണ്ടിലേക്ക് തുകകൾ നിക്ഷേപിക്കപ്പെടുന്നത് കാരണം നിക്ഷേപകൻ നേരിട്ട് എല്ലാ മാസവും സ്വയം നിക്ഷേപം നടത്തേണ്ട ആവശ്യം വരുന്നില്ല. ശമ്പളമോ മറ്റു വരുമാനമോ ബാങ്ക് അക്കൌണ്ടിലേക്ക് എത്തുന്ന ദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ SIP സെറ്റ് ചെയ്താൽ ഓട്ടാമാറ്റിക്കായി എല്ലാ മാസവും നിക്ഷേപം നടന്നു കൊണ്ടിരിക്കും. 

നിക്ഷേപകൻ്റെ ഇഷ്ടാനുസരണം ഈ SIP എപ്പോൾ വേണമെങ്കിലും നിർത്താനും വീണ്ടും തുടങ്ങാനും സാധിക്കുന്നു. എപ്പോൾ വേണമെങ്കിലും തുകകൾ കൂട്ടാനും കുറക്കാനും സാധിക്കുന്നു. വല്ല കാരണത്താലും ഏതെങ്കിലും മാസം SIP മുടങ്ങിയാലും ആ മാസം നിങ്ങളുടെ നിക്ഷേപം നടക്കുകയില്ല എന്നതിലുപരി മറ്റൊരു ബുദ്ധിമുട്ടും നിക്ഷേപകന് ഉണ്ടാകുന്നില്ല. സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ്റെ പേരിൽ ബാങ്കിൻ്റെ ചെറിയ ഒരു ഫീസ് ഒരുപക്ഷേ ഉണ്ടായേക്കാം. എന്നാൽ SIPയുടെ തവണകൾ മുടങ്ങിയെന്ന് കരുതി ചെക്ക് മടങ്ങുന്ന പോലെയുള്ള പ്രശ്നങ്ങൾ ഒരിക്കലും ഉണ്ടാകില്ല.

ദോഷങ്ങൾ

1. AMC യുടെ ലാഭക്കൊതി. അസെറ്റ് മാനേജ് കമ്പനികളുടെ ലാഭം എന്നുള്ളത് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ച നിക്ഷേപകരുടെ പക്കൽ നിന്ന് ഈടാക്കുന്ന എക്സ്പെൻസ് റേഷ്യോ (Expense Ratio) ആണ്. ഇതിൽ നിന്നും ഫണ്ട് മാനേജറുടെയും അനലിസ്റ്റ് ടീമിൻ്റെയും ശമ്പളവും, മറ്റ് ഓഫീസ് മാനേജ്മെൻ്റ് ചിലവുകളും കഴിഞ്ഞ് മിച്ചം വരുന്ന തുക AMC യുടെ ലാഭമാണ്. പുതിയ നിക്ഷേപങ്ങൾ വന്നാൽ മാത്രമേ അവരുടെ ലാഭം കൂടി വരികയൊള്ളൂ. അതുകൊണ്ട് തന്നെ പല മ്യൂച്ചൽ ഫണ്ട് കമ്പനികളും നിലവിലുള്ള നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിച്ച് നല്ല രീതിയിൽ മൂലധന വളർച്ച കൊണ്ട് വരുന്നതിന് പകരം പുതിയ നിക്ഷേപം കൂടുതൽ ആകർഷിക്കുന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2. കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും ഫണ്ട് മാനേജരുടെ നിയന്ത്രണത്തിലല്ല. ഏത് കമ്പനി വാങ്ങണം, അല്ലെങ്കിൽ വിൽക്കണം എന്ന് മാത്രമേ ഫണ്ട് മാനേജറുടെ നിയന്ത്രണത്തിലൊള്ളൂ. എപ്പോൾ വാങ്ങണം, വിൽക്കണം എന്നുള്ളത് നിക്ഷേപകരുടെ തീരുമാനമാണ്. പല സമയങ്ങളിലും ഷെയർമാർക്കറ്റിൽ വലിയ വീഴ്ചകൾ സംഭവിക്കുമ്പോൾ ഭയം മൂലം നിക്ഷേപകർ തങ്ങളുടെ നിക്ഷേപം പിൻവലിക്കാനുള്ള അപേക്ഷ നൽകുന്നു. അവരുടെ നിക്ഷേപം തിരിച്ചുനൽകുന്നതിന് വേണ്ടി ഫണ്ട് മാനേജർക്ക് നിലവിലെ കുറഞ്ഞ വിലയിൽ ഓഹരികൾ വിറ്റ് ഒഴിവാക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള വീഴ്ചയുടെ സമയത്ത് കുറഞ്ഞ വിലയിൽ കൂടുതൽ നിക്ഷേപിക്കാനാണ് ഫണ്ട് മാനേജർമാർ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത്. പക്ഷെ കൂടുതൽ നിക്ഷേപകരും ഇത്തരത്തിൽ തങ്ങളുടെ ഫണ്ടുകൾ പിൻവലിക്കുന്നത് മൂലം മൊത്തത്തിലുള്ള ഫണ്ടിൻ്റെ പെർഫോർമെൻസിനെ ഇത് പലപ്പോഴും ബാധിക്കുന്നു.

3. മ്യൂച്ചൽ ഫണ്ടിൻ്റെ വളർച്ച എന്നുള്ളത് ഫണ്ട് മാനേജരുടെയും റിസർച്ച് ടീമിൻ്റെയും പ്രകടനം മെച്ചപ്പെടുമ്പോഴാണ്. എന്നാൽ, പലപ്പോഴും ഫണ്ട് മാനേജർ തങ്ങളുടെ ജോലി സുരക്ഷിതമാക്കാൻ വേണ്ടി കൂടുതൽ റിസ്കെടുക്കാൻ തയ്യാറാകുന്നില്ല. എല്ലാ മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങളും നിക്ഷേപിക്കുന്ന, അറിയപ്പെടുന്ന സ്റ്റോക്കുകളിൽ മാത്രമാണ് അവരും നിക്ഷേപിക്കുന്നത്. വളർന്ന് വരുന്ന,  കൂടുതൽ റിട്ടേൺ ലഭിക്കുന്ന  പുതിയ കമ്പനികളുടെ സ്റ്റോക്കുകളെ മനപൂർവ്വം അവർ സ്കിപ് ചെയ്യുകയും മ്യൂച്ചൽ ഫണ്ടിൻ്റെ വളർച്ചയെ അത് ബാധിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരുവിധം ഫണ്ട് മാനേജർമാരൊക്കെ ഇൻഫോസിസ് എന്ന കമ്പനിയുടെ ഓഹരിയിൽ നിക്ഷേപിക്കുന്നു. മ്യൂച്ചൽ ഫണ്ടുകളൊക്കെ ഇൻഫോസിസിൽ നിക്ഷേപിച്ചിട്ടുണ്ടാകും. നാളെ ഈ കമ്പനിയുടെ വില ഇടിഞ്ഞാൽ ഫണ്ട് മാനേജർക്ക് തങ്ങളുടെ പെർഫോർമെൻസ് മോശമായതാണ് കാരണം എന്ന് വരാതിരിക്കാൻ വേണ്ടി അവർ സുരക്ഷിതമായ ഇതു പോലുള്ള കമ്പനികളിൽ മാത്രം നിക്ഷേപം ഒതുക്കാൻ ശ്രമിക്കുന്നു. 

Post a Comment

0 Comments